This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍സ്, വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിന്‍സ്, വില്യം

Collins, William(1721 - 59)

ബ്രിട്ടീഷ് കവി. നവ ക്ലാസ്സിക് രീതിയിലൂടെ ഭാവഗീതങ്ങള്‍ രചിച്ച കോളിന്‍സ് കാല്പനിക പൂര്‍വ കവിയായിട്ടാണ് അറിയപ്പെടുന്നത്.

1721 ഡി. 25-ന് സസെക്സിലെ ചിച്ചെസ്റ്ററില്‍ (Chichesten) ജനിച്ചു. വിന്‍ചെസ്റ്റര്‍ കോളജ്, ക്വീന്‍സ് കോളജ്, മഗ്ദലിന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1743-ല്‍ ബി.എ. ബിരുദം നേടിയ ഇദ്ദേഹം ലണ്ടനില്‍ താമസിച്ച് സാഹിത്യരചനയില്‍ മുഴുകി. സാമുവല്‍ ജോണ്‍സണുമായി സൗഹൃദം സ്ഥാപിക്കാനിടയായത് ഇദ്ദേഹത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തി. 23 വയസ്സോടുകൂടി ആരോഗ്യനില വഷളാവുകയും ക്രമേണ മാനസികനില തെറ്റുകയും ചെയ്തു.

തോമസ് ഗ്രേ, ജെയിംസ് തോംസന്‍ തുടങ്ങിയവരോടൊപ്പം കാല്പനികപൂര്‍വകവികളില്‍ ഒരാളായാണ് കോളിന്‍സ് അറിയപ്പെടുന്നത്. 18-ാം ശതകത്തിന്റെ ആദ്യഘട്ടത്തിലെ നവക്ലാസ്സിക് പ്രസ്ഥാനത്തിനും അവസാനഘട്ടത്തില കാല്പനിക വിപ്ലവത്തിനും ഇടയ്ക്കാണ് കോളിന്‍സിന്റെ സ്ഥാനം. കാല്പനികകവികളില്‍ കാണുന്ന ആവിഷ്കരണത്തിലെ ദൃഢബദ്ധത ഗ്രേയുടെ കവിതകളിലെന്നപോലെ കോളിന്‍സിന്റെ കവിതകളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ഷേയ്ക്സ്പിയര്‍, സ്പെന്‍സര്‍, മില്‍ട്ടന്‍ എന്നീ കവികളുടെ സ്വാധീനം കോളിന്‍സിന്റെ കവിതകളില്‍ പ്രകടമാണ്.

കോളിന്‍സിന്റെ കവിതകള്‍ ആംഗലസാഹിത്യത്തില്‍ ഒരു പരിവര്‍ത്തനദശയെ കുറിക്കുന്നു. ഇദ്ദേഹം ക്ലാസ്സിക്കുകളില്‍നിന്നു സാഹിത്യരൂപങ്ങള്‍ സ്വീകരിച്ചു. കാല്പനിക കവികളില്‍ കാണുന്ന ആവിഷ്കരണത്തിലെ ദൃഢബദ്ധത ഇദ്ദേഹത്തിന്റെ കവിതകളില്‍ ദൃശ്യമാണ്. ഗ്രാമീണതയും പ്രകൃത്യുപാസനയുമാണ് കോളിന്‍സിന്റെ കവിതകളുടെ മുഖമുദ്ര. ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച കൃതിയാണ് 1742-ല്‍ പ്രകാശിപ്പിച്ച പേര്‍ഷ്യന്‍ എക്ലോഗ്സ് (1742) വേഴ്സസ് ഹംബ്ലി അഡ്രസ്ഡ് റ്റു സര്‍ റ്റോമസ് ഹാന്‍മര്‍ ഒണ്‍ ഹിസ് എഡിഷന്‍ ഒഫ് ഷേയ്ക്സ്പിയേഴ്സ് വര്‍ക്സ് (1743), ഓഡ്സ് ഒണ്‍ സെവറല്‍ ഡിസ്ക്രിപ്റ്റീവ് ആന്‍ഡ് അലിഗോറിക് സബജക്റ്റ്സ് (1747), ഓഡ് ഒക്കേഷന്‍സ് ബൈ ദ് ഡെഥ് ഒഫ് റ്റോംസന്‍ (1749), ദ് പാഷന്‍സ്: ആന്‍ ഓഡ് (1750), ഓഡ്സ് ഒണ്‍ ദ് പോപ്പുലര്‍ സൂപ്പര്‍സ്റ്റിഷന്‍സ് ഒഫ് ദ് ഹൈലാന്‍ഡ്സ് ഒഫ് സ്കോട്ട്ലന്‍ഡ് (1750), ഓഡ് ഒണ്‍ ദ് മ്യൂസിക് ഒഫ് ദ് ഗ്രേഷ്യന്‍ തിയേറ്റര്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1759 ജൂണ്‍ 12-ന് ചിച്ചെസ്റ്ററില്‍ നിര്യാതനായി.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍